മടുപ്പൊരു പൂച്ചി
അരിച്ചരിച്ചതു
തിരയുന്നു വഴി
മുടിത്തുമ്പിൽക്കേറി
ശിരസ്സിലെത്തുവാൻ
മുറിച്ചു ഞാൻ മുടി.
മടുപ്പൊരു പക്ഷി
ചിറകടിച്ചതു
തുറന്നൊരക്ഷര -
പരപ്പിൽ വീഴ്ത്തുന്നു
വെളുത്ത കാഷ്ഠങ്ങൾ
മടക്കി പുസ്തകം .
മടുപ്പൊരോമന
തലോടൽ തേടിയെൻ
പുതപ്പിനുള്ളിലേ -
യ്ക്കിഴഞ്ഞുകേറുന്നു
തല ഞാൻ മൂടുന്നു
നടിക്കുന്നു നിദ്ര.
മടുപ്പെൻ കാമുകൻ
രസികൻ , കാമങ്ങൾ
പ്രിയത്തിൽ ചാലിച്ചു
നിരത്തി ചേർത്തെന്നെ
വലിച്ചടുപ്പിപ്പോൻ
കുതറിനിൽപ്പു ഞാൻ .
മടുപ്പെൻ കുഞ്ഞല്ലോ !
വരക്കാരൻ , വർണ്ണ -
വിധങ്ങൾതീർക്കുവാൻ
ചുമരല്ല വേണ്ടെ -
ന്നെനിയ്ക്കായ് കാക്കുന്നോൻ
വിവൃത ഞാനിപ്പോൾ .
നിറപ്പെടുന്നതിൻ
സുഖം മടുത്തുഞാൻ
മുലമൊട്ടിൻ വിഷം
കലയ്ക്കു’ന്നായിരം
കതകെനിയ്ക്കായി
മലർക്കുന്നു ,കുഞ്ഞു
മടുപ്പുകൾ കൊഞ്ചി -
ക്കരഞ്ഞു ചോരിവായ്
പിളർത്തുന്നു ഞാനോ
പതഞ്ഞുവീഴുന്നു
(ദേശാഭിമാനി വാരിക)
നല്ല കവിത ഇഷ്ടം
ReplyDelete