അടുത്തീയിടെയൊ-
ന്നടുത്തുകണ്ടു ഞാൻ
പകൽ വെളിച്ചത്തിൽ
വെളുത്ത മൂങ്ങയെ
അതിൻ ചുണ്ടിൻ മുന
അതിന്റെ കൂർമിഴി
അറിയാതപ്പോൾ ഞാ-
നവനെയോർത്തുപോയ്
അവൻ നാരായണൻ
അതിരിനപ്പുറം
പുറമ്പോക്കിൽ
ഓല മറച്ചു കുത്തിയ കുടിലിൽ
അമ്മയ്ക്കുള്ളൊരൊറ്റക്കൂട്ടവൻ
ഖസാക്കിൻ പുസ്തകം
കഴിച്ചന്നു രാത്രി
കിനാവിൽ വന്നവൻ.
'ഠ' കാരം കൊണ്ടെന്റെ
ചുമർ നിറച്ചവൻ.
മദിച്ച പോത്തുപോലമറിയന്നെന്റെ
ഉറക്കം പോക്കിയോൻ.
**
ചെറുപള്ളിക്കൂടം മുഴുവൻ
ആദ്യനാളമറീ പോത്തുകൾ
അലറിക്കാറിയ-
ന്നലമ്പാക്കി എല്ലാം
അവന്നൊപ്പം പിള്ളേർ
വടി മുറിയോളം
അടിവീണപ്പോഴും
അവന്റെ തൊണ്ടയി-
ലമറി കൂളന്മാർ
തുടുമോന്ത വീണ്ടും
തുടുത്തുചോന്നിട്ടും
വെളുത്ത കണ്ണുകൾ തുറിപ്പിച്ചു
തൊണ്ടക്കുരവള്ളി
പൊട്ടും തരത്തിൽ
നിർത്താതെയമറിയന്നവൻ
അവൻ നാരായണൻ
ചെളിനിറം പാഞ്ഞ
കരയില്ലാമുണ്ടിൻ
കുതിർന്ന കോന്തല
നരച്ചജാക്കറ്റിൽ
ചൊരുകിവച്ചമ്മ
അവന്റെ കൈപിടിച്ചിറക്കവേ
കൈയ്യു കുതറിയാഞ്ഞവൻ
മുഷിഞ്ഞ പോക്കറ്റിന്നകം തപ്പി
യൊരു വെളുത്ത ചോക്കുതു-
ണ്ടെനിക്കു തന്നതും
പടികടന്നോടി മറഞ്ഞതും
എല്ലാം നടന്നതിന്നലെ!
**
പതിറ്റടി ചായു-
മിടനേരങ്ങളിൽ
പുറമ്പോക്കിൻ ചെറു-
തുറസ്സിന്നോരത്തെ
ചെറുപട്ടപ്പുരയ്ക്കത്തു
ചാണക നിലത്തു കുന്തിച്ചു
തലമുട്ടിൽചേർത്തു
തണുത്ത കഞ്ഞിക്കു
പുറം തിരിഞ്ഞവൻ
മതിവരുവോളം
കരഞ്ഞുതീരവേ
കളിനിർത്തും ഞങ്ങൾ
'പറയ് നാറാണാ മഹാത്മാഗാന്ധി'
മുനകൂർക്കും ചുണ്ടിൻ
വെറി മായും പിന്നെ
ഒരു മൂങ്ങാനോട്ടം തെളിച്ചു
തൊണ്ടയൊന്നമർത്തിക്കാറീട്ടു
വിളിച്ചോളിയിട്ടു
പറയും നാറാണൻ
'മഗാ സങ്ങതി മഗാ സങ്ങതി'
വിളിച്ചു ഞങ്ങളും
ഒരു പാട്ടായ് കൂവും
'മഹാ-സംഗതി!!,മഹാ-സംഗതി!!'
പണിമാറി മോന്തി-
കഴിഞ്ഞ,പ്പോളെത്തും
കരുവാളി,ച്ചമ്മ-
യൊരു പൊതിയുമായ്
തണുത്ത രണ്ടുമൂന്നുഴുന്നാട ,പഴം,
പണിചെയ്യും വീട്ടീന്നി,ടപ്പലഹാരം
അതു പങ്കിട്ടൊരു കഷണം
എന്റെ നേർക്കവൻ നീട്ടും
കണ്ണിൽ വിരിയും പൂവുകൾ
മുളം തൂണിൽ തൂങ്ങും
കലണ്ടറിൽ ഗാന്ധി ചെറുചിരി നീട്ടും
അവൻ പിന്നീടെന്നും
മുതിരുവാൻ വന്നി-
ല്ലവിടുണ്ടിപ്പോഴും
അതേ നാറാണനായ്
ഒരു ജനുവരിയൊടുക്കം ,രാത്രിയിൽ
മകരക്കാറ്റടിച്ചണയുവാൻ വെമ്പി-
പ്പുകയും മണ്ണെണ്ണ വിളക്കിൽ
തീർന്നുപോയ്കലണ്ടർ ,
തീപുതച്ചവനുമമ്മയും.
അടുത്തീയിടെയൊ-
ന്നടുത്തുകണ്ടു ഞാൻ
പകൽ വെളിച്ചത്തിൽ
അവന്റെയാ നോട്ടം
അതേ ചുണ്ടിൻ കൂർപ്പ്
അതുപോൽ കൺമൂർച്ച
അറിയാതപ്പോൾ ഞാ-
നുറക്കെ കൂവിപ്പോയ്
'പറയ് നാറാണാ,
മഹാത്മാഗാന്ധി!'
ഇടറുന്നുണ്ടെന്തോ...
(മാതൃഭൂമിവാരിക 2010 ആഗസ്ത് -
'മഹാത്മാ' എന്ന പേരിൽ)
No comments:
Post a Comment