Sunday, August 16, 2020

കരുതൽ

 

'അന്നേ  പറഞ്ഞതാ'

അമ്മ   ഉറക്കെയോർത്തു

മരണവീട്ടിലെ മർമരങ്ങൾ

അത് അപ്പഴേ വിഴുങ്ങി

ആ ഹോം നെഴ്സ്പെണ്ണെവിടെയാണോ !


'ഇനീപ്പോ എവിടന്നു കിട്ടാനാ ..!'

വായ്മൂടി താഴ്ത്തിവെച്ച്

മകൻ പിറുപിറുപിറുത്തു


അമ്മയുടെ നേരെ മാത്രം

ആരും തിരിഞ്ഞില്ല

'അമ്മ പറഞ്ഞത് മാത്രം

ആരും കേട്ടില്ല

 

രണ്ടു ദിവസമായി

കലവറയിൽ നിന്നാവണം

കിറുകിരാന്ന് കേൾക്കുന്നു

മങ്ങിയ വെളിച്ചത്തിൽ

തപ്പിത്തപ്പി എണീറ്റു

ഒപ്പം  അവളും  കണ്ണു തിരുമ്മി

' അമ്മച്ചിക്ക് ഒന്നൊറങ്ങ്യാലെന്താ'

മൂത്രക്കസേര

അടുത്തേക്ക് ഉരുണ്ടു വന്നു.

 

ഇത്തിരി കാശ്

ഇത്തിരി നെല്ല്,

ഇത്തിരി ഉണങ്ങല്

വെടിപ്പുള്ള മല്ല്

എത്ര വട്ടം പറഞ്ഞതാ

അമ്മയ്ക്ക് കരയാൻ തോന്നി

 

അച്ഛനു  വച്ചതൊക്കെ

ഒഴുക്കാൻ മറന്നതും

കളയാതെ

കലവറയിൽ

ഇരുട്ടുമുക്കിൽ
 

തുരുമ്പനാണിയിൽ തൂക്കി വെച്ചതും


അമ്മയല്ലാതെ 

ആരോർത്തു പറയാനാണ് !

 

അമ്മ എണീറ്റു

പാതിനെല്ല് എലി തൊലിച്ചെടുത്തിരിക്കുന്നു

മരനാഴിയുടെ ഇരുമ്പ് വലയം

തുരുമ്പെടുത്തിരിക്കുന്നു

കൈരണ്ടും താലമാക്കി നടക്കുമ്പോൾ

ഉമ്മറപ്പടിയിൽ വിരലൊന്നിരടി.

കൂട്ടാക്കാതെ

ചുറുചുറുക്കോടെ നടന്നു

ചന്ദനത്തിരിച്ചാരം

ഒറ്റ ഊത്തിൽപ്പറത്തി
 

തലക്കലെ വിളക്കുതിരി

കിടന്ന കിടപ്പിൽ

ഒന്നുകൂടി
നീട്ടി

ഇടങ്ങഴിയിലെ

എലിക്കാട്ടം മണക്കുന്ന

നെല്ലിൻചണ്ടുനോക്കി
 

അമ്മ അതൃപ്തിയോടെ 

മക്കളെ നോക്കി.

 

'ഞാനപ്പഴേ പറഞ്ഞതാ..

 

 


 

No comments:

Post a Comment