അനന്തരം കല്ല് പറഞ്ഞു
'ഇനി ക്രമമൊന്നു തിരിച്ചാലോ?
നിനക്കാണെങ്കിൽ
മന്തൻകാലുമാറ്റം
വിനോദവുമാണല്ലോ '
കോണകച്ചരടിൽ തിരുകിയ
ആറാം നമ്പ്ര്
തീപ്പറ്റിച്ചുപുകച്ച്
ഒന്നാഞ്ഞുവലിച്ച് ചുമച്ച്
പ്രാന്തൻ ഉഷാറായി
'കൊള്ളാം
നേരു പറഞ്ഞാൽ
നിന്നെപ്പോലെ
എനിക്കും ഈ ജഡത്വം
മടുത്തു സുഹൃത്തേ
കർതൃത്വം ആർക്കായാലും
കർമ്മം
ഉരുട്ടലും
ഉരുളലും ആണല്ലോ !'
പ്രാന്തൻ
മണ്ണിൽ കുഴഞ്ഞുരുണ്ട് കിടന്നു
ശിലാരൂപി കപടപാദങ്ങൾ നീട്ടി .
രണ്ടു പൊട്ടിച്ചിരികൾ
മുകളിലേയ്ക്ക്
ഉരുളാൻ തുടങ്ങി.
No comments:
Post a Comment