Monday, September 21, 2020

അനുജത്തിയോടൊരു വാട്ട്സ് അപ് ചാറ്റ് അഥവാ കവിതയല്ലിതു ജീവിതം

 

പഴേ പോലെ

എഴുത്തൊക്കെ

തോട്ടിലൊഴുക്കാൻ

കൊതിയാവുന്നെടീ

നോക്ക്

സ്വപ്നങ്ങൾ 

എന്നേം കൊണ്ടേ പോവൂ...

ഇന്നലെ രാത്രിയും നമ്മൾ

തീട്ടപ്പാറ കേറിയിറങ്ങി 

താഴെ തോട്ടിലെ

മുട്ടൊപ്പം വെള്ളത്തിൽ 

പുള്ളിയുള്ള അരപ്പാവാട

മുട്ടിച്ചും നനച്ചും നടന്നു

പാടത്തെ ഞാറൊക്കെ

തോട്ടൊഴുക്കിൽ 

മുടിയൊലുമ്പിയും  

നിവർന്നും നിന്നു

പാറക്കുളത്തിന്റെ

വഴിവരമ്പിന്റെ  ഇങ്ങേയറ്റം 

കഴായക്കല്ലിൽ 

പതിവുപോലെ

വെള്ളപ്പാമ്പ് ധ്യാനത്തിലായിരുന്നു

കലക്കവെള്ളത്തിൽ പരലുകൾ

ഒഴുക്കിനെതിരെ നീന്തി നിൽപ്പുണ്ടായിരുന്നു

കുളത്തിന്റെ വേലിപ്പൊത്തിൽ

നമുക്കായി മാത്രം 

ഒരു സ്വർണ്ണപ്പഴുക്ക 

ഏതെങ്കിലും കവുങ്ങ്

ഒളിപ്പിച്ചിരിക്കുമെന്ന്

നമ്മൾ പിന്നെയും  തിരഞ്ഞു നോക്കി

കൈതക്കൂട്ടിൽ നമുക്കായി

കാണാത്ത സുഗന്ധം പൂത്തിരുന്നു

നമ്മൾ മൂക്ക് വിടർത്തി 

കുട്ടിഎഴ്ശ്ശൻ എത്തക്കടവിൽ

കവുങ്ങിന് നനയെത്തിക്കുന്നു

ഒക്കെയും  അതേ പോലെ .

 

പതുക്കെ സൂക്ഷിച്ച്

പാറക്കടവിലെ പായൽ വഴുപ്പിൽ

കൈകോർത്ത്

കാലു തെന്നാതെ ഇറങ്ങി...

വെള്ളത്തിൽ തൊട്ടേയുള്ളൂ

പെട്ടെന്ന്

നമ്മൾ ഇനിയും കുളിച്ചു തുടങ്ങാത്ത

തീണ്ടാരിക്കടവിൽ

വെള്ളം ചോന്നു ചോന്നു 

കുമിളച്ചു വന്നൂ....

 

ഉണർന്നുപോയി...

 

പറ പറ,

നീ ഇപ്പൊ തോട്ടിലല്ലേ?

എനിക്ക് കൈതപ്പൂ കിട്ടിയല്ലോ

അമ്മയതു മുണ്ടുപെട്ടിയ്ക്കു

മണമുണ്ടാക്കാൻ  കൂടെ കൊണ്ടുപോയി

അപ്പൊ അടയ്ക്ക?

അടക്കയല്ലേ അച്ഛനൊപ്പം

നുറുങ്ങിപ്പോയത്  ..?

അപ്പഴല്ലേ
നമ്മൾ മുതിർന്നു പോയത്?

 


 


No comments:

Post a Comment