Monday, September 21, 2020

ഒറ്റമുലച്ചി

 

'മറ്റതു  ഛീഛീ

എന്നു  കിണുങ്ങി 

ചുണ്ടിൻമുനകൾ കോട്ടുന്നു

തള്ളിയൊതുക്കീ

ട്ടൊരു  കൈകൊണ്ടെൻ

ചേലത്തുമ്പു വലിച്ചു

മറച്ചിട്ടിങ്ങു 

മുഖം പൂഴ്ത്തുന്നു.

 

എപ്പൊഴുമെപ്പൊഴുമിങ്ങനെ

മറ്റതു കയ്ക്കും മട്ടിൽ

മുഖത്തൊരുകൊട്ട-

ച്ചുളിവും വെച്ചിട്ടിങ്ങേ  

മുലതൻ  മധുരം നുകരും 

നിറയും ഒഴിയും

വീണ്ടും നിറയും

 

ഒന്നേ പാകം

ഒന്നേ സൗമ്യം

ഒന്നേ മധുരം

മൃദുലം മസൃണം

മറ്റതു കാണാതറിയാതെ

മറ്റൊരു രുചിയും 

നോക്കാതെ

കണ്ണുമടച്ചാണൊക്കേയും

 

അങ്ങനെ

ചിലതോ 

മുറിയുന്നു

വിങ്ങി വിതുമ്പിപ്പലവട്ടം  

നിലകിട്ടാതങ്ങു 

തുളുമ്പിത്തൂവി

പിന്നെസ്സർവ്വം വറ്റീ

ട്ടൊറ്റക്കണ്ണിൻ

പോളകൾ കൂട്ടി

ഗ്രന്ഥികൾ പൂട്ടി

ച്ചേലക്കുള്ളിൽ

മറ്റതൊതുങ്ങീ

നിശ്ശബ്ദം

അതു കല്ലിക്കുന്നു !

 

ഒറ്റമുലച്ചി പിറക്കുന്നു.

 


 


 


No comments:

Post a Comment