മൃഗയ
തുരത്തിപ്പിന്നിൽ നിന്റെ വാഹനം
ഞാനോ മുന്നിൽ
കഴുത്തു കശേരുക്കൾ പൊട്ടിപ്പോം മട്ടിൽ വെട്ടി-
ക്കുതിച്ചു പറക്കുന്നു
ഇത്തിരിക്കാടാണിതിൽ
പറ്റുമ്പോൽ സഞ്ചാരം
പണ്ടെത്ര പാഞ്ഞാലും തീരാത്താവളം
വിശപ്പിന്നു ഭക്ഷണം, നീരോട്ടങ്ങൾ.
വാസനാശീലം ! സർവം തിരിഞ്ഞു,
കോർക്കാനെത്തും മൃതിയെ
മൃതിയ്ക്കിരപ്പെടുന്ന മണങ്ങളെ
പിണഞ്ഞും പിന്നെത്തെന്നിയകന്നും
തിരിഞ്ഞു ചേർന്നുരുമ്മി,-
യിണപ്പെടാൻ കൊതിപ്പിച്ചെത്തും
തീക്ഷ്ണ രതിഗന്ധത്തെ,
കാട്ടുപൂക്കളെ ,
വിശപ്പാറ്റുവാൻമാത്രം
വേട്ടയാടുന്ന മൃഗം
നഖം കൂർപ്പിക്കും മരത്തോലി-
ന്നാഴത്തിലുറക്കുന്ന ചറത്തെ
ഇലകൾ, പഴരസം, പറവക്കാട്ടങ്ങളെ.
അപ്പുറം മരപ്പച്ച കനക്കുന്നതിൻ മുൻപ്
കാടിന്റെ മിടിപ്പൊച്ച കൊഴുക്കുന്നതിൻ മുൻപ്
എത്തണം സങ്കേതത്തിൽ
മങ്ങുന്ന വെട്ടം നോക്കി
ഉറ്റവർ, മിടിക്കുന്ന ഹൃത്തുകൾ
ചിമ്മിച്ചേരാ വഴിക്കണ്ണുകൾ,
നോക്കിക്കാത്തിരിക്കുന്നുണ്ടെന്നെ
**
പിറകിൽ,പുൽമേടിന്റെയിറമ്പിൽ
ആളുക,ളാക്രോശങ്ങൾ
നിരപ്പിൽ ,ഉന്നം കണ്ടു
നീർത്തുന്നു നീ ആയുധം
തുറിക്കും ഭയം മുറ്റി-
(കഴുത്തു പൊട്ടിപ്പോകും മട്ടിൽ ഞാൻ വെട്ടിക്കുന്നു)
നോക്കുന്നു, കുതിക്കുന്നു.
കാറ്റിനെ മണക്കുവാൻ കിതയ്ക്കുന്നൂ
കാതോർക്കുന്നൂ കാടിന്റെ വിളിച്ചെത്തം
'എത്ര സുന്ദരം പേടിക്കൺപീലികൾ
ആടും ചമരി,പ്പിൻചന്തങ്ങൾ
അതിമോഹനം , വെട്ടിയോടുമ്പോൾ
കഴുത്ത, ല്ലതഴകിൻ മിന്നൽപ്പിണർ'
-പേച്ചുകൾ കേൾവിപ്പുറം.
'
ഒരൊറ്റനോക്കിൽ കണ്ടു.
വിശപ്പേയറിയാത്ത കണ്ണുകൾ
വഴിഞ്ഞതിൽ തിളയ്ക്കും കൊടുംപശി
ത്രസിക്കുമുടലിന്റെ തൃഷ്ണതൻ പെരുക്കങ്ങൾ
വരിക്കാൻ വന്നെത്തുന്ന കുരുക്ക്
നിർഗ്ഗന്ധം കാറ്റ്
കാട് നിശ്ശബ്ദം .
ശൂന്യം.
കടപ്പാട് : അഭിജ്ഞാന ശാകുന്തളത്തിലെ "ഗ്രീവാഭംഗാഭിരാമം" എന്നു തുടങ്ങുന്ന ശ്ലോകത്തിനു ഡോ: ടി ടി ശ്രീകുമാറിന്റെ വിമർശനവായന
(മാതൃഭൂമി ഓണപ്പതിപ്പ് 2021)
No comments:
Post a Comment