Saturday, July 3, 2021

രസ_തന്ത്രം

ഒന്നാം കണം

 

കുത്തിയിരിപ്പാണ് നടുക്ക്

ഒത്തൊരു  നിസ്സംഗൻ കൂട്ട്  

ധനമല്ലോ നീക്കിയിരിപ്പ്

പുറവഴിയൂടൊരുവൻ   പോക്ക്

 

വിപരീതനവൻ   ,ആസക്തൻ  

വിരലായ്നീളുന്നു   പ്രസരം 

ഒരു വേള  തൊടാനായുമ്പോൽ

ഉടനേയകലെ മായുമ്പോൽ  

 

ക്രമമെന്ന പരിക്രമണത്തി-

ന്നൊരുനാളൊടുവിൽ വന്നെന്നിൽ

അലിയാമവൻ  അതു വരെ ഹർഷം

ധനവിദ്യുത്പ്രേമാകർഷം

 

രണ്ടാം കണം

 

അണുഹൃദയപ്രണയഋണത്വം

വരു  നീയെന്നഭ്യർത്ഥിക്കും

കൊള്ളാമാ ,വശ്യം എന്നാൽ

ചെന്നങ്ങനടങ്ങുകയോ? ഛായ് !

 

മറുരാഗം പറയുന്നുണ്ട്

പുറവഴിതൻ തുറവ്,ഒഴിവ്

അതുകണ്ടു കുതിച്ചു തെറിക്കാൻ

അരുതത്ര   കരുത്തും  പോര

 

മറ്റെന്ത്? കറക്കം മാത്രം

തെറ്റെന്നാൽ മറ്റൊന്നായി -

ത്തെറ്റുമൊരീയണുഗോളത്തിൽ

ധർമ്മമത് കർമ്മവുമത്രേ!

No comments:

Post a Comment