Saturday, July 3, 2021

പേറ്റിച്ചി

 പേറ്റിച്ചി

മീനവേനല്

തെളതെളയ്ക്കണ നട്ടുച്ച നേരം

വേലയ്ക്ക് വിര്ന്ന്  വന്ന

പൊറമക്കാരൊക്കെ

മുക്കാലും പെക്കഴിഞ്ഞു

 

നങ്ങണ്ടെ തറയില്

കുമിച്ചും ഒപ്പിച്ചും വെളമ്പിയ

താമ്പാളങ്ങളിലിക്ക്

ഉര്ള് പൊട്ടും പോലെത്തീ

ഒരു കത്തലും ഒരു  കൂക്കലും .

ഉണ്ടു മുകിഞ്ഞവിരും

ഉണ്ണാൻ കുത്തിര്ന്നവരും

അറമൊറേന്ന്

പൊറത്തിക്കോടി .

എത്തിക്കുത്തി നോക്കിയ

അമ്മമാരിന്റെ

തലയായ തലയൊക്കെ

വേലിപ്പള്ളകളില് അവടവടെ പൊന്തി .

 

"എവ്ട്ന്നാണ്ടി ഇവ്ളേ ഇത്ര ആലവാരം ?"

 "ഏറാമ്പൊഴന്റെ അവ്ട്ന്നാണ്ന്നും "

ആരോ വെവരം പറഞ്ഞു

 

"ആവു അച്ച്യേ

 നമ്മണ്ടെ മാളുപ്പണിക്കത്തിനെ കാണാനില്ലവേ

ഉച്ചക്കുളിക്ക്   പോയിട്ട് വന്നില്ലവേ "

" അയ് തള്ള എങ്ങിണ്ട്  പുഗാനാണ്ടിയേ

നീന്തിമതിയായിട്ട്ണ്ടാകില്ല അയിന് "

പൂശാരി മണിയന്റെ പെണ്ണ്

തങ്കമണി

തനിയെ സമാതാനിക്കിണപോലെ   പറഞ്ഞു

 

നെലവിളിയും  കൂക്കും  ആരിന്റെയാണ്ന്ന്

അപ്പളാണ് നങ്ങള്ക്ക് ഓടിയത്

കലി വരിമ്പ്ഴും തുക്കം വരിമ്പ്ഴും

പോത്ത് അമറണ മാതിരി അകിറണ നാരാണനും

അവന്റമ്മ പാറോതിയും .

 

മാളു,

നങ്ങണ്ടെ ദേശത്തെ ഒരേയൊരൊറ്റ  പേറ്റിച്ചി .

നൊമ്പലം കിട്ടിയ വയറ്റില്

പണിക്കത്തി  അയിന്റെ ചെതം പോലെ 

ഒന്നു തൊട്ടുഴിഞ്ഞാ കഴ്ഞ്ഞു

മാരിയമ്മപ്പൊങ്കലിന്റെ കുംബം വെച്ച മാതിരി

മണ്ടയില് മുന്നൂക്കൊടവും വെച്ച് ട്ടാണവേ

മക്കള് പെറ്റ് വീഴ്ക .

മട്ടപ്പൊകല മണക്കണ വാ വായീം കൊണ്ട്

മന്തിരിച്ചൂതീന്നിരിക്കട്ടെ

അങ്ങനെ മൂന്ന്ന്നേരം ഊതിയാല്

മാഞ്ഞു പോകണ

പേടിസൊപ്പനം ഒക്കത്തെന്നെ

നങ്ങ്ള്  കുട്ടികള്

കാണാനും തൊടങ്ങീട്ട്ണ്ടായിരുന്നുള്ളൂ

 

പേൻതലച്ചികളൊക്കെ

പണിയ്ക്കത്തിന്റെ മടീല് 

 തല കൊടുത്ത്ട്ടാണ് ഉച്ചമയങ്ങ്ക

അമ്മമാര് ചെലപ്പഴ്  മറന്നാലും

അവിര് മണ്ണ്  കാണിച്ച

കുഞ്ച്മക്കളിന്റെ പെറന്നാള്

തലക്ക് ദെവസം തന്നെ

ഓർമ്മപ്പെട്ത്താൻ

മാളുമുത്തി മറന്നില്ല..

ദേസത്ത്  അയിന്റെടയ്ക്ക വന്ന  

ആസോത്തിറിയും

അപ്പോത്തിക്കിരിയും

നങ്ങള്ക്ക്   ഒര്  വെഷയമേ ആയില്ല

പനി വന്നാലും  

കണ്ണും കൊതീം തട്ട്യാലും..

മഞ്ഞക്കാമാലയ്ക്കും

മാരിയമ്മ ദീനത്തിനും 

ഒക്കത്തിനും

അവിരിന്റെ മര്ന്നന്നെ

'മാളു പിടിച്ചാ ക്ട്ടീല്ലാവെച്ചാ

ചാവിന് തന്നെ'

നങ്ങണ്ടെ  തറക്കാര് 

എടക്ക് അങ്ങനീം പറയും കണ്ടാ.

 

 

 

ഉച്ചച്ചോറ്റിന് മുമ്പിട്ട്

മുത്തീന്റെ  നീന്തിക്കുളി!

കാണണ്ട കാഴ്ച തെന്നെ.

നങ്ങണ്ടെ  തറ   മുഴ്ക്കനെ

നീന്താൻ പടിച്ചതും         

മുത്തിന്റെ കയ്യി കെടന്നെന്നെ

വയസ്സിലും തെളയ്ക്ക്ണ

ചെർപ്പത്തിന്റെ ഊക്ക്

കൊളം തന്നതാണ് മക്കളേ'

മുത്തി നങ്ങണ്ടട്ത്ത് വീരം പറഞ്ഞു.


അയ് മാളുപ്പണിക്കത്ത്യാണ്

ഉടുത്ത തോർത്ത്മ്മുണ്ട്...

അടിച്ചുകല്ലിൽ അഴിച്ച്ം വെച്ച്ംകണ്ട്

ഉട്ക്കാക്കുണ്ടിയായി

മറഞ്ഞ്  മാഞ്ഞ് പോകണതേ!

*

"മൂട്ടില് ഇത്തിരി കലക്കവെള്ളം

തേശക്കാര്ക്ക് മുങ്ങിക്കുളിക്കാൻ

തെകയാത്ത പാറക്കുണ്ടിന്

ഏറാംപുഴ എന്ന് 

ഏവനാണ്ടപ്പാ പേരിട്ടത് ?

നല്ല തമാസന്നെ  "

 

(പിള്ളര്സെറ്റിന്റെ അപ്ലത്തെ പറച്ചിലാണ്  കണ്ടാ )

 

'തള്ള പൊറത്തിക്കിരിക്കാൻ പോയിട്ട്ണ്ടാവും

 മക്ളേ

നീയ്ത്തിരി അക്റാണ്ടിരി "

കോരി മൂപ്പരിന്റെ പെണ്ണ് കുപ്പ

നാരാണനെ ഒക്കത്ത് വെച്ച

പാറോതിക്ക് സമാതാനം പറഞ്ഞു

 

നീന്തലിന്റെ ആശാട്ടിനെ 

വെള്ളം വറ്റിയ കൊളത്തിത്തെന്നെ

തെരയാനെറങ്ങിയ

വെളികേടിനെപ്പറഞ്ഞ്

തങ്കൻചെട്ടിയാരും

അപ്പാക്കുട്ടി രാവുത്തരും

ചിറിയോട് ചിറി തെന്നെ.

പിന്നെ ഒന്നും രണ്ടും പറഞ്ഞ്

അവര് വക്കാണവായി

 കസപിസയായി്

 

ഒടുക്കം  തീർപ്പായി.

***

അരയ്ക്കറ്റം വെള്ളത്തില് നിന്ന്ംകണ്ട്

പേടിച്ച്തൂറി

വെളറിവെള്ത്ത്

മാരിയപ്പൻ ചെക്കൻ കാറിക്കൂക്കി

 

'ദാ ഇബടെ ! ബടെണ്ട് '

നൊമ്പലം കിട്ടിയ പോലെ

കലങ്ങി നിക്ക്ണ  

കൊളത്തിന്റടിയിലെ 

പാറന്റെ ഇടുക്ക്ന്ന്

അപ്ലക്കപ്പളേ പൊട്ടിയ 

പേറ്റുവെള്ളം തൊട്ടപ്പൊ

അയ് ചെക്കന്റെ    വെരല് ചുട്ടുവോ ആവോ !

 

കഴ്ത്തില് പിള്ളക്കൊടി മാതിരി

കാലില് ചിറ്റിയ  മുടി

വലിച്ചു പൊന്തിക്കുമ്പോ

മാനം   കണ്ടത്

മലന്ന് മോളിലിക്ക് നോക്കണ

നരയ്ക്കാത്ത

തലനാര് ചിന്നിയ മൊക്റണ്..

 

''പെട്ടക്കുട്ടിയാണ് മക്ളേ'

പെറ്റൊഴിച്ചവ്ളിന്റ്ട്ത്ത്

ആകാസം  പിറ് പിറ്ത്തു

 

നങ്ങ പെണ്ണങ്ങളെന്നേ... അത് കേട്ട്ള്ളൂ....

**

 

ആലവാരം-ബഹളം/പെട്ടക്കുട്ടി- പെൺകുട്ടി/ അക്റൽ-കരച്ചിൽ/ഓടിയത്-മനസ്സിലായത്/തുക്കം -ദുഃഖം /തമാസന്നെ -തമാശ തന്നെ/മുന്നൂക്കൊടം - മുന്നൂർക്കുടം/ആസോത്തിറി - ആശുപത്രി/ പൊറത്തിക്കിരിക്ക്ക- തൂറാൻ പോവുക/ കത്തുക -ഉറക്കെ നിലവിളിക്കുക / വക്കാണം-വഴക്ക്

(മാധ്യമം വാരിക )


No comments:

Post a Comment