Thursday, July 8, 2021

ഒടുവിൽ ഞാനിതാ കഴിഞ്ഞു പോകുന്നു" (സ്റ്റാൻ സ്വാമിക്ക് )



ഒടുവിൽ നിങ്ങളെൻ വധം സ്ഥിരീകരി-

ച്ച,തിൻ വാർത്ത ശവം കൊതിച്ചു കാക്കുന്ന

കഴുകന്മാർക്കിട്ടു കൊടുക്കുന്നു പിന്നെ-

യവർ വെണ്ടക്കയായ് നിരത്തുന്നു

'കഷ്ടം !അയാൾ മരിച്ചല്ലോ !!

പുലരുമ്പോൾ നാളെ വിടുതൽ നൽകുവാൻ

ബഹുമാനപ്പെട്ട നിയമക്കോടതി കരുതിക്കാ-

ത്തതാ,ണയാൾ പൊടുന്നനെ മരിച്ചു

ചർച്ചകൾ കൊഴുപ്പിക്കുന്നവർ

തരാതരം നോക്കി നിരീക്ഷകർ

ചാനൽ  മുറികളിൽ ക്കിടന്നലറുന്നു

കേൾക്കാം "മരിച്ചുവോ കൊന്നോ?"

മരിച്ചാലെന്തിനി ?

വധിച്ചാലെന്തിനി ?

 

അവർ വിധിക്കുന്നു

അവർ വധിക്കുന്നു

അവരുടെ രാജ്യം

അവർക്കു കോടതി

നിയമങ്ങൾ ,നീതി, അവകാശങ്ങളും,

വെറും കാടന്മാർക്കെ-ന്തവർക്കൊപ്പം നീതി?

അവർക്കു പാടങ്ങൾ കൃഷി ചെയ്യാൻ ?

കുഞ്ഞു വയറുകൾക്കന്നം?

മരുന്നുകൾ വസ്ത്രം?

മനുഷ്യാവകാശം?

അറിക ,കല്പനാചതുരന്മാരാകും

അതിതീവ്രവാദപ്രമുഖരേ നിങ്ങൾ

അവരെ വാക്കിനാൽ മയക്കുന്നോ നിങ്ങൾ?

അവർക്കായ് തോക്കുകൾ ചുമക്കുന്നോ ?നിങ്ങ -

ളരിയൊരാർഷഭൂ തുടരും സംസ്കൃതി

അപമാനനമെന്നെടുത്തു നിങ്ങടെ മതത്തി-

ന്നാലയിലടയ്ക്കുന്നോ?

ഇത് ദേശദ്രോഹം !

മൃഗങ്ങൾക്കല്ലേ പിന്നഭിമാനം !

കാട്ടിൽഅലഞ്ഞവർ തെണ്ടി നടക്കട്ടെ

നാട്ടിലിറങ്ങിയാൽ കൂട്ടിൽ കിടക്കട്ടെ

വിദ്യ വിലക്കണം 

നന്നായ് മെരുക്കണം

എങ്കിൽ

ഭരിക്കും തമ്പ്രാക്കൾ കനിയും

സ്ഥാനങ്ങൾ നിരവധി കയ്യിലണയും

വയ്യെന്നാൽ

മതിയാക്കി വന്നിട്ടിവിടെജ്ജീവിതം

ഇഴഞ്ഞു തീർക്കണം

ഇവിടെ ക്കൂട്ടിലെ മൃഗമായ് മാറണം.

(മൃഗമാക്കി നിങ്ങൾ !)

 

ജനിതകവിധി!

അനേക ദേശങ്ങൾ ,

യുഗയുഗങ്ങളായ്

അവിടത്തിൽ  പാവം 

മനുഷ്യജന്തുക്കൾ,ക്കധികാരേച്ഛുക്കൾ

(അതല്ല, ഭീരുക്കൾ)

തുരുമ്പടിക്കാതെ കരുതുമായുധം.

തനിക്കൊരിക്കലും ചുടാത്തിടം വരെ

പ്രജാകുലം സർവം സലാഘവം കാണും

കഥയുമാണിത്

 

ഒടുവിൽ ഞാനിതാ  കഴിഞ്ഞു പോകുന്നു

മരിച്ചെന്നാലെന്ത് ?

വധിച്ചെന്നാലെന്ത് ?

 

തിരിഞ്ഞു നോക്കുക

അവരുണ്ട് പിന്നിൽ

ജ്വലിക്കും കാട്ടുതീയുടുത്തവർ

ദുഷ്ടും ദുരയുമൊന്നാകെ

എരിച്ചടക്കുവോർ

ഇനിയത്രയേറെയകലത്തല്ലവർ

അവരധികാരപ്രമത്തത

യൊന്നായടക്കി നീറ്റുമ്പോൾ

അതിന്റെ മേലൊരു

തണു മഴയായിപ്പൊഴിയുവാനെത്തും

ഇനി ഞങ്ങൾ

ഞാനും  അതേ വെളിച്ചത്തിൽ നടന്നോരും

കാണാം

അതുവരെ ഞങ്ങൾ

മരിച്ചോളാം നന്ദി.

 

(സ്റ്റാൻ സ്വാമിക്ക് )

(ദേശാഭിമാനി വരിക  18 2021)



No comments:

Post a Comment