വെളിവ്
അത്രയേ വേണ്ടിയിരുന്നുള്ളു
അത്രമാത്രം
അതുമട്ടിൽ വിപത്തിലായിരുന്നു
അപ്പുറം മറിയാൻ
അത്ര തന്നെ വേണ്ടിയുമിരുന്നു
കണിശമായും
അന്നേരമാണവർ വന്നതും
അതേ പ്രലോഭനം തന്നതും
മീനുകൾക്ക് സാഗരമേ
മുക്കുവന്നു തോണിയേ
ആർത്തിക്കാരനായിരുന്നില്ല
വിശപ്പിന്റെ വായിലേയ്ക്ക്
കൊരുത്തെറിഞ്ഞ ഇരയായിരുന്നത്
ആ വെള്ളി വിനാശത്തിന്റേതെന്ന്
എന്തിനു സംശയിക്കണം !
അതും നിമിത്തമെന്നല്ലോ
നിന്നിലുള്ള ഉറപ്പുമെന്നല്ലോ
പറയാതെല്ലാം അറിഞ്ഞവനല്ലേ
പാറയിൽ പണിഞ്ഞ വിശ്വാസമല്ലേ
നോക്കിയും മിണ്ടിയും
തൊട്ടും തലോടിയും
പുണ്ണുകൾ പുഴുക്കുത്തുകളും
വേരോടെ പിഴുതതല്ലേ
പോയെന്നടക്കിയവനെ
പേര് ചൊല്ലി ഉണർത്തിയതല്ലേ
പറയാതറിഞ്ഞോളും എന്ന്
നിന്റെ കിരീടം
നിന്റെ ചമ്മട്ടി ,ചാട്ട
നിന്റെ കുരിശ്
നീയറിയാതെന്ത് എന്ന് ...
നിന്റെ അകപ്പെടൽ
നിന്റെ വിടുതലും
നിന്നാലാവാത്തതല്ലെന്ന് ...!
എന്റെ പിഴ എന്റെ മാത്രം പിഴ
വഞ്ചകനല്ല
വിശ്വാസംമൂലം വഞ്ചിക്കപ്പെട്ടവൻ
പിതാവേ
ചൂണ്ടച്ചരടിന്റെ കുരുക്കു മുറുക്കും മുൻപ്
ഇതമാത്രം
നീ വെറും മനുഷ്യപുത്രൻ
ഞാനും
No comments:
Post a Comment