Sunday, August 8, 2021

കുത്ത്


 

അഞ്ചാമത്തെ ഓർമ നാളിനാണ്

സെമിത്തേരി അവളെ ആദ്യം കാണുക

അപ്പൻ രണ്ടുവട്ടം മരിച്ചു കഴിഞ്ഞ മകളായിരുന്നു അപ്പോളവൾ

 

വേലിക്കപ്പുറത്തേക്ക്

തലകുനിച്ചിറങ്ങുമ്പോൾ

എന്നത്തേയും പോലെ

മുളം പടിക്കലെത്തി

തിരിഞ്ഞവൾ നോക്കുമെന്ന് അയാൾക്കും

പിന്നിൽ കതകാഞ്ഞടയുകില്ലെന്ന് അവൾക്കും

ഉറപ്പുണ്ടായിട്ടും 

സങ്കടങ്ങളെ ഒളിച്ചുപിടിച്ച്

കണ്ണുകളിൽ വിദ്വേഷം തിളപ്പിച്ച്

അവർ പരസ്പരം നോക്കിയിരുന്നു

 

ഇറയത്തു നിന്നും എത്തിപ്പറിച്ച ഓലത്തുണ്ട്

അവളെ നോക്കി കീറിയിട്ട നിമിഷം

പോയതിന്റെ ഇരട്ടിയൂക്കിൽ

മുളമ്പടി ചാടിയവൾ

തുള്ളിക്കുതിച്ചു തിരിച്ചെത്തിയത്

വിയർത്ത കയ്യിൽ അമർത്തിപ്പിടിച്ച

പച്ചക്കടലാസിന്റെ കുഞ്ഞുപൊതി

ഉമ്മറക്കല്ലിൽ അയാൾക്കു മുമ്പിൽ ആഞ്ഞെറിഞ്ഞത്

അതേ ഊക്കിൽ

പച്ചച്ച കൈവെള്ള കൂട്ടിത്തിരുമ്മി

പടി ചാടി മറിഞ്ഞ്

പാടവരമ്പിലൂടെ നടന്നു പോയത്

പാടം കടന്നൊരു പെരുമഴ വന്നത്

പച്ചയോടൊപ്പം കടലാസ് കുതിർന്നിളകിയത്

മാസപ്പണി നിലച്ച നാളുകളിലൊന്നിൽ

മുതലുകളും പലിശകളും വീട്ടിത്തീർത്ത

മിച്ചം തുകയിൽ അവൾക്കായി വാങ്ങിയ

തുച്ഛമായ പണത്തൂക്കത്തിന്റെ

കൊച്ചു സ്വണ്ണവളയങ്ങൾ നനഞ്ഞു മിന്നിയത്

അയാൾ ഓർത്തു

 

കാത്തിരുന്നു കാത്തിരുന്ന്

വാർദ്ധക്യത്തിൽ

ഉണ്ടായവളായിരുന്നു

അതിട്ടു കാണാൻ മാത്രം കുത്തിയ കാതിലെ

നാലുവയസ്സിന്റെ നോവോർത്ത്

അയാളുടെ നെഞ്ചു അന്നത്തെപ്പോലെ

പിന്നെയും തുളഞ്ഞു.

'അതവൾക്കു കൊടുക്കാമായിരുന്നു'

ആകെയുള്ള മുതലായിരുന്നു"

ദീനക്കിടക്കയിൽ അയാളുടെ ഭാര്യ

ഒടുവിൽ പിറുപിറുത്തിരുന്നു..

 


മഴപെയ്തയഞ്ഞ മണ്ണിൽ

ആർത്തു വളരുന്ന

സ്നേഹപ്പുല്ലുകളേയും

കാതിൽപ്പൂവള്ളികളേയും വകഞ്ഞു മാറ്റി

പൂക്കളുമായി കുനിഞ്ഞവളുടെ കാതുകളിപ്പോൾ

തുള തൂർന്നുപോയതെന്നു

മാത്രം അയാൾ കണ്ടു.

നിമിഷം

അയാൾ മൂന്നാമതും മരണപ്പെട്ടു.

No comments:

Post a Comment